മോസ്കോ: റഷ്യ-യുക്രെയ്ൻ അതിർത്തിയിലെ അസോവ് കടലിൽ രണ്ട് വിദേശ ചരക്കുകപ്പലുകൾക്കുനേരേയുണ്ടായ ഡ്രോൺ ആക്രമണത്തിൽ അഞ്ച് അസർബൈജാൻ സ്വദേശികൾ മരിച്ചു.
മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. ആക്രമണത്തിനുപിന്നിൽ യുക്രെയ്നാണെന്ന് റഷ്യൻ ഉപ വിദേശകാര്യമന്ത്രി മിഖായിൽ ഗാലുസിൻ ആരോപിച്ചു.
അതേസമയം, പ്രദേശത്തുകൂടി അനധികൃത ചരക്ക് കടത്തുകയായിരുന്ന അഞ്ചു കപ്പലുകൾ ആക്രമിച്ചതായി യുക്രെയ്ൻ അൺമാൻഡ് സിസ്റ്റംസ് ഫോഴ്സസ് കമാൻഡർ റോബർട്ട് ബ്രോവ്ഡി അറിയിച്ചു. റഷ്യ കവർന്നെടുത്ത തങ്ങളുടെ ധാന്യങ്ങൾ കടത്തിയ കപ്പലുകളെയാണ് ആക്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തങ്ങളുടെ നാവിക ഡ്രോണുകളിലൊന്ന് ഇന്നലെ റുമേനിയൻ തീരത്ത് പൊട്ടിത്തെറിച്ചു വീണതായി യുക്രെയ്ൻ സ്ഥിരീകരിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നും യുക്രെയ്ൻ സേന വ്യക്തമാക്കി.